ചെയര്‍മാന്‍
ദേശീയ രാ്രഷ്ടീയ സമ്മേളനം വിജയകരമായി സമാപിച്ചു. എല്ലാ പ്രതീക്ഷകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും മുകളിലാണ് ആ വിജയം. ഇന്ത്യയിലെ 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധിസംഘങ്ങളുടെ സാന്നിധ്യം. എല്ലാറ്റിനുമുപരി, സമാപനദിവസം തടിച്ചുകൂടിയ വന്‍ ജനാവലി- ഇവയെല്ലാം സമ്മേളനവിജയത്തിനു മാറ്റുകൂട്ടിയ ഘടകങ്ങളാണ്. എന്നാല്‍, ദേശീയ രാഷ്ട്രീയ സമ്മേളനവിജയത്തിന്റെ ഏറ്റവും വലിയ നിദാനം അതിന്റെ സന്ദേശമാണ്: അധികാരം ജനങ്ങള്‍ക്ക് എന്ന സന്ദേശം. സമ്പൂര്‍ണ ശാക്തീകരണത്തിന് ഗുണാത്മക രാഷ്ട്രീയം എന്ന സന്ദേശം.
വിദൂര സംസ്ഥാനങ്ങളെപ്പോലും തൊട്ടുണര്‍ത്തി നാലു മാസം നീണ്ട പ്രചാരണങ്ങളാണ് എല്ലാ അര്‍ഥത്തിലും പ്രാതിനിധ്യസ്വഭാവം പുലര്‍ത്തിയ ഒരു വന്‍ ജനാവലിയെ കോഴിക്കോട് സമ്മേളനത്തിലേക്ക് ആകര്‍ഷിച്ചത്. അധികാരത്തില്‍ തുല്യപങ്കാളിത്തവും ജീവിതത്തിന്റെ വിവിധ തുറകളില്‍ സമനീതിയും പ്രാന്തവല്‍ക്കരിക്കപ്പെട്ട ഗോത്രവര്‍ഗക്കാരന്നും ദലിതന്നും മുസ്‌ലിമിന്നും പിന്നാക്കക്കാരന്നും തടഞ്ഞുവയ്‌ക്കപ്പെട്ടിരിക്കുന്നു. ഈ തിരിച്ചറിവ് ദലിത് വിഭാഗത്തില്‍പ്പെട്ട ചമറുകള്‍ക്കിടയിലും പിന്നാക്കവിഭാഗത്തില്‍പ്പെട്ട യാദവര്‍ക്കിടയിലും മുളപൊട്ടുകയും ശക്തി പ്രാപിക്കുകയും ചെയ്‌തതിന്റെ ഗുണഫലം ഇന്നു ബിഹാറും ഉത്തര്‍പ്രദേശും അടങ്ങിയ പശുബെല്‍റ്റിന്റെ രാഷ്ട്രീയജാതകം തിരുത്തിക്കൊണ്ടിരിക്കുന്നു.
എന്നാല്‍, അധഃസ്ഥിതരാക്കപ്പെട്ട മറ്റു ജനവിഭാഗങ്ങളിലേക്കും അധഃപതനത്തിലേക്ക് എടുത്തെറിയപ്പെട്ട മറ്റു ഭൂവിഭാഗങ്ങളിലേക്കും ഈ മാറ്റത്തിന്റെ കാറ്റ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ല.
15 കോടി- 15 ശതമാനം- വരുന്ന ഇന്ത്യയിലെ മുസ്‌ലിം സമുദായം സാങ്കേതികമായി ഏറ്റവും വലിയ മതന്യൂനപക്ഷമാണ്. ഇരകളാക്കപ്പെടുന്ന സമുദായങ്ങള്‍ ഭരണവര്‍ഗത്തിന്റെ ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലിനുമെതിരെ സമരപാതയില്‍ കൈകോര്‍ക്കുന്ന അവസ്ഥയുണ്ടായാല്‍, ആ മഹാഭൂരിപക്ഷത്തിന്റെ മുന്നില്‍ നില്‍ക്കാനുള്ള പ്രാപ്‌തി മുസ്‌ലിം സമുദായത്തില്‍ അന്തര്‍ലീനമാണ്. യു.പിയും ബിഹാറും ജാര്‍ഖണ്ഡും പശ്ചിമ ബംഗാളും അസമും ഉള്‍പ്പെടുന്ന ഭൂപ്രദേശം പിന്നാക്കാവസ്ഥയിലും മുസ്‌ലിം ജനസാന്നിധ്യത്തിലും മുന്നിലാണ്. ഇന്ത്യന്‍ മുസ്‌ലിംകളില്‍ 60 ശതമാനത്തോളം ഈ സംസ്ഥാനങ്ങളിലാണ് ഏറ്റവും പിന്നാക്കാവസ്ഥയില്‍ അടിസ്ഥാന ജീവിതാവശ്യങ്ങളും പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ട് കഴിഞ്ഞുകൂടുന്നത്.
വിഭജനവാദത്തിന്റെ ഭൂതാവേശം മനഃപൂര്‍വം അവരില്‍ അടിച്ചേല്‍പിച്ച് ആറു പതിറ്റാണ്ടു കാലം ഈ മുസ്‌ലിംകളെക്കൊണ്ട് രാഷ്ട്രീയ വിടുപണി ചെയ്യിക്കുകയായിരുന്നു കോണ്‍ഗ്രസും സി.പി.എമ്മും ഒപ്പം മറ്റു പ്രാദേശിക പിന്നാക്ക പാര്‍ട്ടികളും.
പ്രശ്‌നത്തിന്റെ ഭാഗമായി ഇനിയും തുടരാതെ സ്വയം പരിഹാരമായി ഉയരാനുള്ള ഒരു ജനതയുടെ നിശ്ചയമാണ് വടക്കും കിഴക്കും പടിഞ്ഞാറുമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കോഴിക്കോട്ടെത്തിയ വിവിധ സംഘങ്ങളില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിഞ്ഞത്. മൂന്നു ദിവസത്തെ മഹാസംഗമത്തിന് ആതിഥ്യമരുളി കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, ഗോവ, പോണ്ടിച്ചേരി സംസ്ഥാനങ്ങളില്‍ നിന്നു സംഗമിച്ച ജനാവലികളാവട്ടെ പുതിയ ഇന്ത്യക്കു വേണ്ടിയുള്ള ആസന്നമായ രാഷ്ട്രീയമുന്നേറ്റത്തിന്റെ പ്രചോദനവും അടിത്തറയുമായി ദക്ഷിണേന്ത്യ മുന്നില്‍ നില്‍ക്കുമെന്നതിന്റെ സൂചനയാവാം.
ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതുപോലെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഒരു രാഷ്ട്രീയപാര്‍ട്ടിയല്ല; സമ്പൂര്‍ണ ശാക്തീകരണത്തിന്റെ വഴിയില്‍ സമഗ്രസംഭാവനകള്‍ അര്‍പ്പിച്ചുകൊണ്ട് മുന്നേറുന്ന ഒരു നവസാമൂഹിക പ്രസ്ഥാനമാണ്. മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒതുങ്ങിയിരുന്ന പോപുലര്‍ ഫ്രണ്ടില്‍ അഞ്ച് സംസ്ഥാന സംഘടനകള്‍ കൂടി ലയിച്ചുചേര്‍ന്നിരിക്കുന്നു. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവയെക്കൂടാതെ മണിപ്പൂര്‍, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ഗോവ എന്നീ സംസ്ഥാനങ്ങളാണ് കൈകോര്‍ത്തിരിക്കുന്നത്. 16 വര്‍ഷം മുമ്പ് ഇന്ത്യയുടെ തെക്കേയറ്റത്തു മുളപൊട്ടിയ നവോത്ഥാനത്തിന്റെ ചെറുചെടി ഇന്ത്യയിലെവിടെയും വേരുകളാഴ്‌ത്തിയും ചില്ലകള്‍ പടര്‍ത്തിയും വ്യാപിച്ചേക്കാമെന്നതിന്റ സൂചനയാണിത്. പോപുലര്‍ ഫ്രണ്ടിന്റെ സന്ദേശം സ്വീകരിക്കാന്‍ ഇന്ത്യയിലെവിടെയും മണ്ണു പാകമാണെന്ന സൂചന.
രാഷ്ട്രീയാടിമത്തം അവസാനിപ്പിക്കാതെ സമ്പൂര്‍ണ ശാക്തീകരണം സാധ്യമല്ല. പോപുലര്‍ ഫ്രണ്ട് ജനങ്ങള്‍ക്കു നല്‍കിക്കഴിഞ്ഞ തിരിച്ചറിവും നിശ്ചയദാര്‍ഢ്യവും, ജനങ്ങള്‍ സംഘടനയില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസം- ഗുണപരമായ രാഷ്ട്രീയമുന്നേറ്റത്തിന്റെ ചാലകശക്തികളാണ് ഈ ഗുണങ്ങള്‍. ദേശീയാടിസ്ഥാനത്തില്‍ കാഴ്‌ചയും കരുതലുമുള്ള പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനം കാലത്തിന്റെ ആവശ്യമാണ്. കാലവും സമൂഹവും ഭരമേല്‍പിച്ചിട്ടുള്ള ഈ ഉത്തരവാദിത്തത്തിന്റെ സാക്ഷാല്‍ക്കാരത്തിന് നേതൃത്വം നല്‍കാന്‍ പോപുലര്‍ ഫ്രണ്ട് ബാധ്യസ്ഥമാണ്. ദേശീയ രാഷ്ട്രീയ സമ്മേളനത്തിന്റെ ഈ സന്ദേശം പുലര്‍ന്നുകാണുന്നതാവട്ടെ വരും നാളുകള്‍.

No comments:
Post a Comment